എന്നെ അറിയുമോ? എന്റെ പേരാണു ല്യൂകസ് അസ്പെര. പേരു കേട്ട് ഞെട്ടുകയോ പുരികം ചുളിക്കുകയോ വേണ്ട. ഇതെനിക്കു ഏതോ സായിപ്പിട്ട പേരാ. തുമ്പച്ചെടി എന്നു പറഞ്ഞാല്‍ നിങ്ങള്‍ അറിയും അല്ലേ? നിങ്ങള്‍ അറിയും എന്നെനിക്കറിയാം പക്ഷേ.. നിങ്ങള്‍ക്കു ശേഷം വരുന്നവര്‍ക്ക് എന്നെ പരിചയമുണ്ടോ എന്നത് കണ്ടു തന്നെ അറിയണം.. പരിഭവം പറഞ്ഞതാണെന്നു കരുതരുത് കേട്ടോ. നിങ്ങളല്ലാതെ എനിക്കു സംസാരിക്കാന്‍ വേറെ ആരാ ഉള്ളത്.
പണ്ടെല്ലാം എത്ര കുട്ടികളാ എന്റെ അടുത്തു വന്നിരുന്നത്? ഞങ്ങളെ മുട്ടിയുരുമ്മി സന്തോഷം പങ്കുവച്ച് പോകുന്ന അവര്‍ക്കെല്ലാം വട്ടി നിറയെ പൂക്കള്‍ കൊടുക്കുകയും ചെയ്യുമായിരുന്നു. അവരുടെ ഒരുമയും പാട്ടും നൃത്തവും ഒക്കെ കാണുമ്പോള്‍ എന്തു സന്തോഷമാണെന്നോ?
ഇപ്പോള്‍ എല്ലാം ഒരു പെട്ടിയില്‍ നിന്നാണത്രെ വരിക. കുട്ടികള്‍ എല്ലാവരും മിണ്ടാതെ ഇരിക്കും. ആ അതിശയപ്പെട്ടി പാട്ടും കുമ്മിയും കുരവയും കുഴലും എല്ലാം ചെയ്യും എന്നാ കേള്‍ക്കണെ. എന്തൊക്കെ സൂത്രങ്ങള്‍ ആയാലും കുട്ട്യോള്‍ടെ മുഖത്തെ പ്രസരിപ്പും ആഹ്ലാദവും ഒന്നും തന്നെ കാണാനേയില്ല. ഞങ്ങള്‍ക്കു അതില്‍ വളരെ സങ്കടവും ഉണ്ടു കെട്ടോ. ആരോടാ ഇതെല്ലാം പറയുക അല്ലേ!! ഇപ്പോള്‍ ഞങ്ങളുടെ അടുത്ത് ആരും വരാറുപോലുമില്ല. അതുകൊണ്ടുതന്നെ പഴയതു പോലെ അധികം പൂക്കള്‍ ശേഖരിച്ചു വയ്ക്കാറുമില്ല. ഭൂമിക്കടിയില്‍ താമസിക്കുന്ന ഞങ്ങള്‍ ഓണക്കാലത്ത് മാത്രം പുറത്തൊന്നു തല കാണിക്കും.
ഇപ്പോഴും കുട്ട്യോളെ ഒരുമിച്ചു കാണുമ്പോള്‍ വളരെ സന്തോഷം തന്നെ.. പക്ഷേ അകലെ നിന്നു കാണാനാണു ഞങ്ങള്‍ക്കു യോഗം. ആരും ഇപ്പോള്‍ കുട്ടികളെ മണ്ണില്‍ ഇറക്കാറില്ലത്രേ. മണ്ണില്‍ കളിച്ചാല്‍ അസുഖം വരുമെന്നാണു വാദം. എന്താ പറയുക.. ഭൂമി തൊട്ടു നടന്നാല്‍ അസുഖം വരുമെന്നോ? ശുദ്ധ ഭോഷ്കു തന്നെ. ഇതൊക്കെ കൊണ്ടു തന്നെ അവര്‍ ഞങ്ങള്‍ക്കരികില്‍ പാത്തും പതുങ്ങിയും മാത്രമാണു വരിക. ഹാ!! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?
ഇപ്പോള്‍ കണ്ടില്ലേ ഞങ്ങള്‍ ആണ്ടുതോറും കൊടുത്തുവന്ന പൂക്കള്‍ കടകളില്‍ വാങ്ങാന്‍ കിട്ടും എന്നാണു കേള്‍ക്കുന്നത്. ഒരു തവണ വാങ്ങിയാല്‍ അടുത്ത കൊല്ലങ്ങളിലും ഓണത്തിനു വേറെ പൂക്കള്‍ വേണ്ടാത്രെ… എന്താ കഥ.. വേറെന്താ പറയുക? കാലം പോയ പോക്കേ… ഞങ്ങള്‍ക്കുള്ള ആത്മബന്ധവും സ്നേഹവും കരുതലും അതിന്റെ കൂടെ കിട്ടുമോ ആവോ? എന്നിരുന്നാലും ഇത്തവണയും കുട്ടികളെ കാണാതിരിക്കുമ്പോള്‍ ഏറെ നൊമ്പരമുണ്ടുതാനും.
ഇതൊക്കെയെങ്കിലും ഞങ്ങള്‍ അടുത്താണ്ടും കുട്ടികള്‍ക്കുവേണ്ടി സ്നേഹത്തില്‍ പൊതിഞ്ഞ പൂക്കളുമായി വഴിക്കണ്ണുമായി കാത്തിരിക്കും. എന്നെങ്കിലും അവര്‍ ഞങ്ങളെത്തേടി വരും എന്ന പ്രതീക്ഷയോടെ….
0 comments:
Post a Comment