Wednesday, December 22, 2010

മഅദനിക്കു ശിഷ്യപ്പെടുക...

മഅദനിക്കു ശിഷ്യപ്പെടുക...

അടുത്തിടെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പത്രസമ്മേളനം ചാനലുകളില്‍കണ്ടു. മുഖ്യമന്ത്രിയല്ലേ, എന്താണു പറയുന്നതെന്ന്‌ കണ്ടുകളയാം എന്നുകരുതി അച്ചടക്കമുള്ള പൗരനായ ഞാന്‍ ടി.വിയുടെ മുന്നിലിരുന്നു. പത്രസമ്മേളനം തുടങ്ങി. ആദ്യ ചോദ്യത്തിനുത്തരം പറയാന്‍ മുഖ്യമന്ത്രി വായ്‌ തുറന്നു. പിന്നെ അടച്ചു. പിന്നെ കണ്ണാടിയുടെ അടിയിലൂടെ കണ്ണുമേലോട്ടാക്കി ചുണ്ടുകൊണ്ട്‌ എന്തോ അഭ്യാസം കാണിച്ചു. മസില്‍ പിടിച്ചു.

ശബ്‌ദം മാത്രം പുറത്തേയ്‌ക്കു വരുന്നില്ല. ഒരു മിനിട്ടുകഴിഞ്ഞ്‌ ഒരു വാക്ക്‌ മൊഴിഞ്ഞു. വീണ്ടും ഒരു മിനുട്ട്‌ നിശബ്‌ദത. മേല്‌പ്പറഞ്ഞ അഭ്യാസങ്ങളെല്ലാം ഒന്നുകൂടി ആവര്‍ത്തിച്ചു. വീണ്ടും ഒരു വാക്ക്‌ മൊഴിഞ്ഞു. എനിക്ക്‌ മടുത്തു. ചാനലിനും മടുത്തു എന്നു തോന്നുന്നു. പത്രസമ്മേളനം ലൈവ്‌ കാണിക്കാനിരുന്ന ചാനല്‍ പെട്ടെന്ന്‌ അത്‌ നിര്‍ത്തി ന്യൂസ്‌ വായനക്കാരനിലേക്ക്‌ തിരിഞ്ഞു. `മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിന്റെ തല്‍സമയദൃശ്യങ്ങളാണ്‌ നിങ്ങള്‍ കണ്ടത്‌.' എന്നുപറഞ്ഞ്‌ ചാനല്‍ തടിതപ്പി.

ലോകത്തിലെ മഹാന്മാരായ നേതാക്കളെല്ലാം പ്രസംഗത്തിലൂടെയാണ്‌ ജനമനസുകള്‍ കയ്യടക്കിയത്‌. പറയാനുള്ളത്‌ സ്‌ഫുടമായും വ്യക്‌തമായും ആശയംചോര്‍ന്നുപോകാതെയും ആവേശം നിലനിര്‍ത്തിയും അവര്‍ അവതരിപ്പിച്ചുപോന്നു. അല്‌പം ഫലിതവും കൂടി കലര്‍ത്തിയാല്‍ ഭേഷായി. ഹിറ്റ്‌ലര്‍ മുതല്‍ എ.കെ.ജി വരെയുള്ളവര്‍ അങ്ങനെയായിരുന്നു. എന്നാല്‍ ഇന്നത്തെ നേതാക്കളില്‍ മിക്കവരുടെയും സ്‌ഥിതി മുഖ്യമന്ത്രിയുടേതുപോലെതന്നെ. നന്നായി സംസാരിക്കാനോ ആശയത്തിന്റെ തെളിമ നിലനിര്‍ത്താനോ പലര്‍ക്കും കഴിയുന്നില്ല.

പ്രതിപക്ഷത്തെ/ഭരണപക്ഷത്തെ/ശത്രുവിനെ വെല്ലുവിളിക്കാനും തലമൂത്ത നേതാവിന്‌ സ്‌തുതിപാടാനും മാത്രമേ അവര്‍ക്കറിയൂ. വാക്‌ സാമര്‍ത്ഥ്യത്തിലൂടെ ജനങ്ങളുടെ മനസില്‍ കയറിപ്പറ്റാന്‍ കഴിയുന്ന അവസാനത്തെ നേതാവായിരുന്നു ഇ.കെ. നായനാര്‍. അദ്ദേഹം മണ്‍മറഞ്ഞതോടെ ആ വംശം കുറ്റിയറ്റു. പിണറായി വിജയന്‍, എം.എം. ഹസന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം പരമബോറന്മാരായ രാഷ്‌ട്രീയ നേതാക്കളാണ്‌. കുറച്ചെങ്കിലും ഭേദം പി.സി. ജോര്‍ജാണ്‌. വെടിയും പുകയുമൊക്കെയായി ഒരു `ഓള' മുണ്ടാക്കാന്‍ ജോര്‍ജിനറിയാം.

വായനയും ചിന്തയും നഷ്‌ടപ്പെട്ടതാണ്‌ രാഷ്‌ട്രീയ നേതാക്കളുടെ വാക്‌ സാമര്‍ത്ഥ്യം നഷ്‌പ്പെടാന്‍ കാരണമെന്നു തോന്നുന്നു. എം.പി. വീരേന്ദ്രകുമാറും കാര്‍ത്തികേയനും പി. ഗോവിന്ദപ്പിള്ളയും പോലെ ചുരുക്കം ചില നേതാക്കളെ അക്ഷരസ്‌നേഹികളായുള്ളൂ. ബാക്കിയെല്ലാവരുടെയും വായന പത്രവായനയിലൊതുങ്ങുന്നു.
ഇന്നത്തെ നേതാക്കള്‍ അക്ഷരസ്‌ഫുടതയുടെയും ആശയത്തെളിമയുടെയും കാര്യത്തില്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട്‌ -അബ്‌ദുള്‍ നാസര്‍ മഅദനി.

മലയാളഭാഷയെ മഅദനി അമ്മാടനമാടുന്നതു കേള്‍ക്കാന്‍ നല്ലരസമാണ്‌. പറയുന്നകാര്യം വളരെ തെളിമയോടൊപ്പം സ്‌ഫുടതയോടെയും മഅദനി കേള്‍വിക്കാരന്റെ മനസിലെത്തിക്കും. തട്ടും തടവുമില്ല. തീവ്രവാദം പറഞ്ഞാലും നിരപരാധിത്വം വിളിച്ചുകൂവിയാലും എല്ലാത്തിനും പലതരം മോഡുലേഷനുകള്‍. അസൂയാവഹമായ ഭാഷാപ്രാവീണ്യമുണ്ട്‌ മഅദനിക്ക്‌. നമ്മുടെ നേതാക്കള്‍ പ്രസംഗിക്കും മുമ്പ്‌ മഅദനിക്ക്‌ ശിഷ്യപ്പെടുന്നത്‌ നന്ന്‌.

വാല്‍ക്കഷണം: പിണറായി വിജയന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ സുഹൃത്തിന്റെ കമന്റ്‌: രഞ്‌ജനി ഹരിദാസ്‌ എത്രയോ ഭേദം

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More