![]() |
ദുബായ്... വിസ്‌മയങ്ങളുടെ നഗരകാഴ്‌ചയില്‍ പാതിരാ പോലും പകലായി മാറുന്ന പറുദീസ... പറഞ്ഞു കേള്‍ക്കുന്ന പെരുപ്പങ്ങളില്‍ ഒരിക്കലെങ്കിലും കാണാന്‍ കൊതിക്കുന്ന ഭൂമിയിലെ ഒരിടം... ഇത് ദുബായ്... ഞാനും എന്നെ പോലുള്ള ലക്ഷക്കണക്കിന് മലയാളികളും അന്തേവാസികളായി പാര്‍ക്കുന്ന ഒരിടത്താവളം. ഗ്രൃഹാതുരത്വ സ്‌മരണകളുടെ നൈരന്തര്യങ്ങളില്‍ നാടും വീടും വിട്ടവരുടെ കൂട്ടായ്‌മയിലെ എന്നെ പോലുള്ള സാദാ മെമ്പറായ ഒരു ദുബായ്‌ക്കാരന് പറയാന്‍ അനുഭവങ്ങളുടെ അടിയും അകവും തുന്നിയ ചെരിപ്പുകള്‍ പതിനേഴ് വര്‍ഷം കാലില്‍ നടന്ന കഥകളുണ്ടാകും. പാതിരാത്രിയുടെ കൂരിരുട്ടില്‍ തിളങ്ങുന്ന തിരയിളക്കത്തിന്റെ അതിരുകള്‍ക്കുള്ളില്‍ പാഞ്ഞു പോകുന്ന പത്തേമാരിയില്‍ കടലുപ്പിനോളം കണ്ണീരിന്റെ രുചിയറിഞ്ഞ ഒരു കൂട്ടം "പ്രവാസി"കള്‍ ഖോര്‍ഫുക്കാനിലെ തുറമുഖത്തിറങ്ങിയപ്പോള്‍ ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ "പ്രവാസി"യെന്ന ശബ്ദത്തിന് പുതിയ വര്‍ത്തമാനങ്ങളുണ്ടായി. ഇന്ത്യന്‍ സ്റ്റാമ്പൊട്ടിച്ച കവറിനകത്ത് നയാപൈസയുടെയും അണയുടെയും കണക്കുകളില്‍ സങ്കലന വ്യവകലനവുമായി രണ്ടറ്റവും പാഞ്ഞ് ജീവിതത്തിന്റെ മരുഭൂമിയില്‍ ഒട്ടകം പോലെ അവര്‍ ഒരുപാട് കിതച്ചു. അങ്ങനെ ഈന്തപനയുടെ തണലില്‍ ദുബായിക്കാരന്‍ഭൂജാതനായി... കയ്യില്‍ പാനസോണിക്കിന്റെ ടേപ്പ് റിക്കാര്‍ഡും, കീശയില്‍ പുറത്തേക്ക് തുള്ളാന്‍ തള്ളി നില്‍ക്കുന്ന ത്രിബ്‌ള്‍ ഫൈവിന്റെ സിഗരറ്റും, കണ്ണിനു തണലായി മൂക്കിലുറപ്പിച്ച റയ്‌ബാന്റെ കൂളിംഗ് ഗ്ലാസും, കടന്നു പോകുന്ന നടവഴികളിലൊക്കെ "ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാത്ത" ജന്നത്തുല്‍ ഫിര്‍ദൗസിന്റെ പരിമളവും വാരി വിതറി നടന്നുപോകുന്ന ദുബായ്‌ക്കാരന്... അതെ "ദുബായിക്കാരന്‍" എന്ന ലേബലിന് അടയാള ചേരുവകള്‍ ഇത്രയും മതി. എഴുപത് കാലഘട്ടങ്ങളില്‍ ഇത് എസ്.എ.ജമീലിന്റെ കത്തു പാട്ടുകളിലൂടെ അയല്‍പക്കത്ത് ഇരു മൈക്കു കെട്ടലായിരുന്നു. അന്ന് പ്രവാസിയുടെ പ്രയാസങ്ങള്‍ക്ക് ഒരു മേല്‍വിലാസമുണ്ടായിരുന്നു. ദേര അബ്രയ്‌ക്ക് സമീപത്തെ തടിച്ചി ഇറാനിയുടെ ഔദാര്യത്തിന്റെ പേരായിരുന്നു ഖാദര്‍ ഹോട്ടല്‍. ദുബായില്‍ ജോലി തേടിയെത്തുന്ന നിരാലംബരുടെ അത്താണിയായ "ഷൈക്കാ"യിരുന്നു ഹോട്ടല്‍ മുതലാളിയായ ഖാദര്‍. ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും "പാസ്‌പോര്‍ട്ട്", "വിസ", "അക്കാമ" തുടങ്ങിയ കാണാപഠിക്കുന്ന പദങ്ങളുടെ കൂട്ടത്തിലൊന്നായിരുന്നു "ഖാദര്‍ ഹോട്ടല്‍". അന്നത്തെ ഖാദര്‍ ഹോട്ടലിന്റെ ഔദാര്യങ്ങളുടെ അടയാളങ്ങളാണ് ഇന്ന് നിരന്തരം പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന അരിവിതരണത്തിന്റെയും, ക്ലബ്ബുല്‍ഘാടനത്തിന്റെയും സീരിയലുകളിലെ നായകന്‍മാരായ മുതലാളിമാര്‍. കടന്നു പോയ കാലങ്ങളും, നടന്നുപോയ വഴികളും ജി.പി.ആര്‍.എസിന്റെയും, ഗൂഗിള്‍ എര്‍ത്തിന്റെയും സഹായത്തില്‍ കണ്ടുപിടിക്കാന്‍ പാടുപെടുമ്പോള്‍ കണ്ടെത്തിയ "പാനിസി"ന്റെ അര്‍ത്ഥമറിയാതെ ഇരുട്ടില്‍ തപ്പുന്ന പുതിയ തലമുറ. എണ്ണ കിണറില്‍ നിന്നും ദിര്‍ഹം കുഴിച്ചെടുക്കുന്ന അധ്വാനത്തിന്റെ റിഗ്ഗുകളിലെ വിയര്‍പ്പിന് തീ പിടിക്കുന്നതവരറിയുന്നില്ല. ആ തീയുടെ കരുവാളിപ്പാണ് ദുബായിക്കാരനായ പിതാവിന്റെ മുഖത്തെ കറുപ്പെന്നതും അവര്‍ മറന്നുപോകുന്നു. പ്രണയിനിയുടെ എഴുത്തിലെ ജിജ്ഞാസകള്‍ ക്ലാസുമുറികളില്‍ കാല്‍പനികതയുടെ തേനും പുരട്ടി വില്യം വേര്‍ഡ്‌സ് വര്‍ത്തിന്റെ കവിതകളിലൂടെ അയവിറക്കുന്ന നമ്മുടെ പിള്ളേര്‍, പ്രാരാബ്ദത്തിന്റെയും, വിരഹത്തിന്റെയും കണ്ണൂനീരില്‍ കുതിര്‍ന്ന ഹൃദയാക്ഷരങ്ങളുടെ എയര്‍മെയിലുകള്‍ കടല്‍ കടന്ന കാലത്ത് വയസ്സന്‍ വേഴാമ്പലിനെ പോലെ ഉമ്മറപ്പടിയില്‍ കത്തു കാത്തിരുന്ന ഉമ്മയുടെ കണ്ണില്‍ ദൈന്യതയുടെ ചുവന്ന ധമനികളെഴുന്നു നില്‍ക്കുന്നത് കാണുന്നില്ല...കാരണം ബ്ലാക്ക് ബെറിയില്‍ നിന്നും പുതിയ ഇമൈല്‍ സന്ദേശത്തിന്റെ വൈബ്രേഷന്‍, ചെറിയൊരിളക്കം മതി ഭൂമിയുടെ മറ്റേ അറ്റത്തുനിന്നും ദുബായിക്കാരന്റെ ഹൃദയത്തുടിപ്പുകളൊന്നിവിടെ എത്താന്‍. ലോകം ചുരുങ്ങി കൈകുമ്പിളിലെത്തിയപ്പോഴും ദുബായിക്കാരന്റെ വറുതികള്‍ക്കറുതിയില്ല. ബാച്ചിലര്‍ കട്ടിലിന്റെ മുകള്‍തട്ടില്‍ "ഔന്നിത്യങ്ങളില്‍" അവനൊരു മൂലയ്‌ക്ക് സ്വന്തം ലാപ്‌ടോപ് തലയിണയാക്കി കിടന്നുറങ്ങുമ്പോള്‍ നാട്ടുവയലില്‍ ഞാറ് നടുകയായിരുന്നവള്‍ നടവരമ്പില്‍ കയറി വന്നു "ഇമെയില്‍ വിലാസം" ചോദിക്കുന്ന സ്വപ്‌നത്തിന്റെ സുഖത്തില്‍ അവനൊന്ന് പുഞ്ചിരിച്ചു. ![]() |
0 comments:
Post a Comment