Tuesday, December 14, 2010

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂരിലുള്ളത് (നിഘണ്ടുവില്‍ ഇല്ലാത്തത്)

തൃശൂര്‍: പൂരം വെടിക്കെട്ടും തൃശൂര്‍ ഭാഷയും ഏതാണ്ട് ഒരേ പോലെയണ്. കൂട്ടപ്പൊരിച്ചിലിന്റെ സ്പീഡില്‍ ചില അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് രൂപപ്പെട്ട ഭാഷ. പ്രാഞ്ചിയേട്ടന്റെ സിനിമാ ഭാഷ കേരളമൊട്ടുക്കും ശ്രദ്ധിക്കപെടാനുള്ള കാരണവും മറ്റൊന്നല്ല. മറ്റു ജില്ലക്കാര്‍ക്ക് പെട്ടെന്ന് പിടികിട്ടാന്‍ പാടുള്ളവയാണ് പല പ്രയോഗങ്ങളും.



. ഗഡീ.... എന്ന വാക്കാണ് തൃശൂരിന്റെ സ്വന്തം ഭാഷാ നിഘണ്ടുവിലെ ആദ്യത്തെ പ്രയോഗം. ഗഡി, ഇസ്റ്റന്‍, മച്ചു എന്നൊക്കെയാണ് തൃശൂരുകാര്‍ സുഹൃത്തുക്കളെ വിളിക്കുക. (ഇഷ്ടനില്‍നിന്ന് ഇസ്റ്റനും മച്ചനനില്‍ നിന്ന് മച്ച്ചുവും ഉണ്ടായെന്നു കരുതാം. ഗഡിയുടെ പിറവി ഇപ്പോഴും അജ്ഞാതം)

. റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍ കിട്ടിയപ്പോള്‍ ഒരു തൃശൂര്‍കാരന്റെ കമന്റ് ..

'അക്രമ സ്രാവാണ്ട്ടാ...

അസാധ്യകാര്യം ചെയ്തവന്‍ എന്നര്‍ഥം.

. രണ്ടുപേര്‍ തമ്മില്‍ മൂന്നാമതൊരുവനെ പറ്റി പറയുമ്പോള്‍ അവര്‍ക്കയാള്‍ 'ഡാവ് ആണ്. (കിടാവില്‍നിന്ന് ക്ടാവിലെത്തി ഡാവായി മാറിയത്)

. ഇഷ്ടപ്പെട്ടയാളെ പുലിഡാവെന്നും വെറുപ്പുള്ളവനെ ചെടച്ച ഡാവെന്നും തീരെപിടിക്കാത്തവരെ ചൊറിഡാവ്, ഈച്ചഡാവ്, ഇഞ്ചംപുളി ഡാവ് എന്നും വിശേഷിപ്പിക്കാം. ഒട്ടും വിലയില്ലാത്തവനെ അംബീസ ഡാവ് എന്നും വിളിക്കാം. (50 പൈസ് ഡാവ് എന്ന് പൂര്‍ണരൂപം)

. യന്തിരന്‍ റിലീസായപ്പോള്‍ ഒരാളുടെ കമന്റ്- മ്മടേ 'ചെക്കന്‍ തകര്‍ത്തൂട്ടാ....

സൂപ്പര്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലുമെല്ലാം നമുക്ക് ചെക്കനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സച്ചിന്‍ ഇവരെല്ലാം ചെക്കന്മാരാണ്.

. തൃശൂരിലെ ചിലര്‍ സില്‍മ എന്ന് വിളിക്കുന്ന സിനിമ ഇഷ്ടപ്പെട്ടാല്‍ 'പൊരിച്ചൂട്ടാ എന്നേ പറയൂ. പൊട്ടിയ പടമാണെങ്കില്‍ 'ഒരു വള്ളി പൊട്ടിയേ പടാ ഇസ്റ്റാ.. എന്ന് പറയുന്നതും കേട്ടിട്ടുണ്ട്.

. ഒരു അരിയങ്ങാടി സംഭാഷണം: 'ഗെഡീ.. മ്മ്‌ടെ ഗെല്ലീല് വന്‍ണ്ട്ട് വെല്യ നാവാട്ടം വേണ്ടാട്ടാ.. ഒരു കുച്ചാന്‍ വിളിച്ച്ട്ട് വേഗം സ്കൂട്ടായിക്കോ. (ഗല്ലി - സ്ഥലം, നാവാട്ടം- വര്‍ത്തമാനം, കുച്ചാന്‍- ഓട്ടോറിക്ഷ, സ്‌കൂട്ടാവുക- സ്ഥലംവിടുക)

. ഞാനങ്ങ്‌ടെ തെറിക്കട്ടെ എന്നാല്‍ ഞാന്‍ അങ്ങോട്ടു പോട്ടെ എന്നൊരു അര്‍ത്ഥവുമുണ്ട് ചിലര്‍.

. ഒരു 'ചെകിളച്ചൊറിയന്‍ കൊട്ത്തു എന്നാല്‍ ചെകിട്ടത്തടിചെന്നും 'വാഷ്‌ല്യ എന്നാല്‍ കഴിവില്ല എന്നുമാണ് തൃശൂരില്‍ ചിലയിടങ്ങളിലെ അര്‍ഥം.

. ഇഷ്ടമില്ലാത്ത സ്ഥലങ്ങളെയൊക്കെ തൃശ്ശൂരുകാരന്‍ 'ഗുദാം.. എന്ന് വിളിക്കാം.

. ചെറുപ്പക്കാര്‍ തൃശൂരില്‍ ചുള്ളന്മാരും ചുള്ളികളുമാണ്.

. കൗട്ട എന്നാല്‍ തൃശൂരില്‍ മദ്യത്തിന്റെ ഇരട്ടപ്പേരാണ്. (കൗട്ട- ഒരിനം കീടനാശിനിയുടെ പേര്)

. ആ ഡാവ് പടായി.. എന്ന് കേട്ടാല്‍ ആരോ മരിച്ചു എന്നാണ് അര്‍ഥം. മരിച്ചയാളുടെ ഫോട്ടോ ചില്ലിട്ടുവയ്ക്കുമല്ലോ.

. അങ്ങാടിയുടെ ചില ഇടങ്ങളില്‍ പണത്തെ ചെമ്പ് എന്നിപ്പോഴും വിളിക്കും. ജോര്‍ജൂട്ടി എന്നും വിളിക്കും. പതിയന്‍ എന്നാല്‍ പത്തു രൂപ, പച്ച എന്നാല്‍ അമ്പത് രൂപ, ഏകന്‍ എന്നാല്‍ ഒരു രൂപ എന്നിങ്ങനെയും പ്രയോഗമുണ്ടത്രേ.

. പുതിയ മൊബൈല്‍ വാങ്ങിയത് കേടായെന്നു കരുതുക. ചില തൃശൂരുകാര്‍ കടയില്‍ ചെന്ന് പറയും: മച്ചൂ.. ഇത് ഉണ്ടച്ചുരുട്ടായല്ലോ.. (കേടായെന്നും തലയില്‍ തൂങ്ങിയെന്നുമൊക്കെ അര്‍ഥം).

. നല്ല വസ്തുക്കളാണെങ്കില്‍ 'മുത്ത് സാനം, പെട സാനം. എന്നൊക്കെ പറയും.

. മെലിഞ്ഞു പോയല്ലോ എന്ന ചോദ്യത്തിന് പകരം 'ഉപ്പുംകല്ല് വെള്ളത്തിലിട്ടതുപോലായി എന്നൊക്കെ പ്രയോഗം കയ്യിലുള്ളവരുണ്ട്.

. വിചിത്രമായൊരു പ്രയോഗം കേട്ടോളൂ- പാലത്ത്‌മ്മെ ഇര്‍ത്തുക.: ആ ഗഡീ മ്മളെ പാലത്ത്‌മ്മെ ഇര്ത്തീട്ട് വിട്ടു എന്ന് പറഞ്ഞാല്‍ ഇപ്പം വരാമെന്ന് പറഞ്ഞിട്ടു മുങ്ങി എന്നര്‍ഥം.

. ശവി എന്ന വാക്ക് ഏതാണ്ട് ശവമായിക്കൊണ്ടിരിക്കുകയാണ്. എന്തൂട്ടാ ശവീ.. എന്നിപ്പോള്‍ അധികമാരും പറയാറില്ല.. ശവി എന്നത് തെറ്റായ വിശേഷണമാണത്രേ

1 comments:

പുതപ്പ് ഇടുക = ഇടി കിട്ടുക
വടിയാക്കുക = വേടിക്കുക
(ചെമ്പ് വടിയക്കുക = പൈസ വേടിക്കുക)
ഇനിയും ഉണ്ടല്ലോ മ്മ്ടേ തിശ്ശൂ കാർക്ക്

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More