ഒരു ഗള്‍ഫ് മൗനം |
Posted by : Special Reporter on : 2010-03-31 |
`കേള്‍ക്കാനൊരിടം മരുഭൂമിയും പറയാനുള്ള വാക്കുകള്‍ നീര്‍ച്ചാലുമാകുമ്പോള്‍ മൗനം തന്നെ ഭേദം`....... മേരി ജയിലറിന്റെ വരികളും പ്രണയിച്ച്, പ്രാരാബ്ധങ്ങളുടെ പുതപ്പുകളൂരി ദൂരേക്കു വലിച്ചെറിഞ്ഞ്, ഗഡുക്കളായി സ്വപ്‌നങ്ങളും കണ്ടു സുഖസുഷുപ്തിയിലാണ്ടിരിക്കയാണു വോട്ടര്‍ ലിസ്റ്റില്‍ പോലും പേരില്ലാത്ത ഗള്‍ഫുകാര്‍ എന്ന് ഓമനപ്പേരുള്ള കറവപ്പശുക്കള്‍. സദാസമയവും മൗനംപൂണ്ടിരിക്കുന്ന മുഖമാണവന്റെ ഗള്‍ഫ് സമ്പാദ്യം. അകാരണമായ ഒരു തരം മൗനം ഓരോ ഗള്‍ഫുകാരന്റെ മുഖത്തും വായിച്ചെടുക്കാന്‍ കഴിയും. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ മുഖം തിരിച്ചുകളയുന്ന നിഷേധാത്മക മൗനം. പിറന്ന നാട്ടിലെത്തിയാല്‍ ഏറെ വാചാലരാകുന്നവര്‍പോലും ഇവിടെ മൗനത്തിന്റെ പുറന്തോടിനകത്തേക്കു കടലാമപോലെ സ്വയം ഉള്‍വലിയുകയും കുഴിയാനപോലെ പിറകോട്ടു നടക്കുകയും ചെയ്യുന്നു. ഗള്‍ഫിലെ പ്രത്യേക സാഹചര്യത്തില്‍ ഇവിടെ കടപ്പാടുകളുടെ കണക്കുകളില്‍ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ വല്ലതുമുണ്ടെങ്കില്‍തന്നെ കഴിയുന്നത്ര വേഗം എല്ലാ കണകകുകളിലും തീര്‍പ്പുണ്ടാക്കി തുരുത്തുകളാവാനും സ്വയം ഒറ്റപ്പെടാനും ഓരോരുത്തരും ആഗ്രഹിക്കുന്നു. `ഞാന്‍` എന്ന ചെറു ദ്വീപ് പോലെ. അസ്ഥിത്വത്തിന്റെ കാലടികള്‍ക്കിടയിലെ മണ്ണൊലിപ്പാണ് അധികം പേര്‍ക്കും അനുഭവങ്ങളുടെ ഡയറിത്താളില്‍ കുറിക്കാനുള്ളത്. അഞ്ചാറു വര്‍ഷം വിദേശത്തു ജോലിചെയ്ത്, നല്ലൊരു തുക ശമ്പളവും വാങ്ങി ജീവിതാനുഭവങ്ങളുടെ കണക്കുപുസ്തകത്തില്‍ സങ്കലനവും വ്യവകലനവും നടത്തി വരവും ചെലവും കണക്കാക്കുമ്പോള്‍ മിച്ചം എന്ന കോളം എന്നും ശൂന്യം. അവസാന പത്തുകിലോ സ്വര്‍ണം കയറ്റുന്നവരുടെ കാരുണ്യം കൊണ്ടു നാട്ടിലേക്കു വിമാനം കയറുന്നും. വെറും കയ്യോടെ മടങ്ങുന്നവരുടെ മുഖത്തു മൗനം തുളുമ്പുകയായിരിക്കും. പെയ്യാതെ കനംവച്ച മഴമേഘങ്ങള്‍ പോലെ, 'എന്തുകൊണ്ട് ഇങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരമില്ല. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും സമയമില്ല എന്നതാണു വാസ്തവം. പലപ്പോഴും കുടുംബങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മൗനം വായിലിട്ടു ചവച്ചു മുറുക്കാന്‍ തുപ്പി വെയിലത്ത് ഒറ്റയ്ക്കു നില്‍ക്കുന്ന ഈത്തപന മരംപോലെ മാറിനില്‍ക്കുകയാണു പലരും. മരുഭൂമിയിലെ ഇത്തരം പൂമരങ്ങള്‍ക്കു വസന്തമില്ല. തണലും തണുപ്പുമില്ല. നിറയെ ആത്മവേദനയുടെ മുരിക്കുകള്‍പോലെ മുള്‍മുനകള്‍ മാത്രം. കാഫ്കയുടെ `മെറ്റമോര്‍ഫസിസ്` വായിക്കുമ്പോഴുണ്ടാകുന്ന ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും കൂടുതല്‍ അനുഭവജന്യമാകുന്നതും ഈ മഹാനഗരിയിലാണ്. ഗ്രാമീണതയുടെ ശാലീനതയില്‍ പിച്ചവച്ചു വളര്‍ന്ന ഒരാള്‍ക്ക് ആ സാഹചര്യം ഒരുക്കിക്കൊടുക്കുന്ന സംസ്‌കാരവുമായി അഭേദ്യമായ ബന്ധമുണ്ടാകും. മാതൃത്വത്തിന്റെയും മുലകുടിയുടെയുമൊക്കെ ബന്ധമെന്ന് വേണമെങ്കില്‍ പറയാം. ഇങ്ങനെയുള്ളൊരു സംസാകാരത്തിന്റെ ചട്ടക്കൂടില്‍ നിന്ന് ഗ്രാമീണതയുടെ നിസ്സഹായതയുമായി നഗരത്തിന്റെ ബഹളങ്ങളിലേക്കു പറിച്ചുനടുമ്പോള്‍ തീക്ഷണമായ നഗരാനുഭവങ്ങളുടെ തീവ്രവമായ വികാരം അവനെ ആരുമല്ലാതാക്കിത്തീര്‍ക്കുകയാണ്. ഞാനാര് എന്ന ചോദ്യം സ്വയം ചോദിച്ചുപോകുന്ന അവസ്ഥ. ഈ അവസ്ഥയില്‍ കവിത്വത്തിന്റെ തളിരുകള്‍ ഹൃദയത്തില്‍ സൂക്ഷ്മമായി സ്പന്ദിക്കുമ്പോള്‍ കവിത എഴുതുന്നു. കഥകളുടെ കനലുകള്‍ കരളിലുള്ളവര്‍ അത് ഊതിത്തെളിക്കുന്നു. മറ്റുള്ളവര്‍ നിരന്തരമായ സഹധര്‍മിണിക്കും കുടുംബത്തിലേക്കും കത്തുകളെഴുതിയും ഇന്റര്‍നെറ്റിന്റെ വലകളില്‍ തൂങ്ങിയും സായൂജ്യമടയുന്നു. ഇവിടെ നഷ്ടപ്പെടുന്ന സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങളുടെയും വിലയിരുത്തലുകളായിരിക്കും എല്ലാ എഴുത്തുകാരുടെയും പൊതുവിഷയം. സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെപ്പോലും കാണാതെ വേപഥുപൂണ്ട മനസ്സുമായി അവധിയുടെ ദിനങ്ങളെത്താന്‍ കലണ്ടര്‍ കളങ്ങളില്‍ ചുവപ്പുപേനകൊണ്ടു നാളുകള്‍ തള്ളുന്നവര്‍ക്കു പരസ്പരം പറയാന്‍ പരിഭവങ്ങളും പ്രാരബ്ധങ്ങളും മാത്രം. ഇതൊക്കെ എത്രയോ തവണ പറഞ്ഞു പഴകിയതിനാല്‍ ഇന്ന് ഒരേ റൂമില്‍ താമസിക്കുന്ന ചെറുപ്പക്കാരുടെ ഇടയിലും മൗനത്തിന്റെ മരങ്ങള്‍ വളരുകയാണ്. സങ്കീര്‍ണമായ ജീവിത സമസ്യങ്ങള്‍ക്ക് ഉത്തരം കാണാനാവാതെ തപ്പിത്തടഞ്ഞു തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുന്ന സുഹൃത്തുക്കള്‍പോലും പാതയോരത്തു പരസ്പരം കാണുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ മടിക്കുന്നു. ചുണ്ടത്തുപോലും നിഴലിക്കുന്ന മൗനം. അനുഭവങ്ങളവനെ അന്തര്‍മുഖനാക്കാന്‍ പഠിപ്പിക്കുന്നു. അങ്ങനെ ഒരു മുനിയെക്കൂടി നഗരത്തിനേകുകയാണ്. 'ദുബായ്ക്കാരനെന്ന മൌനി. വിസ സമ്പാദിച്ചു വിദേശത്തേക്കു വിമാനം കയറുക എന്നത് ഒരു ഭാഗ്യമാണ്. ഇവിടെ മാന്യമായ ഒരു ജോലിക്കിട്ടുക എന്നത് അതിലേറെ ഭാഗ്യവും ഇങ്ങനെ ഭാഗ്യപരീക്ഷണങ്ങള്‍ക്കായി ബിരുദ സര്‍ട്ടിഫിക്കറ്റും അനുഭവസമ്പത്തും ഫയലിലൊതുക്കി പത്രത്താളുകളിലെ തൊഴിലവസരങ്ങളിലൂടെ നടന്ന് അടിയും അകവും തേഞ്ഞ ചെരിപ്പുമായി മുന്നില്‍ നില്‍ക്കുന്ന ഓരോ സുഹൃത്തിന്റെ മുന്നിലും നാം മൗനത്തിന്റെ ആല്‍മരമാവുന്നു. നിന്ന നില്‍പില്‍ തന്നെ വേരിറങ്ങി ഒരുപാടു നേരം പിന്നെ വന്നകാലത്തു താനനുഭവിക്കേണ്ടി വന്ന വിഷമങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ഡയറിക്കുറിപ്പുകള്‍ അവനായി തുറന്നുവയ്ക്കും. അടിതേഞ്ഞ അനുഭവങ്ങളുടെ ചെരിപ്പുകളും പാദമുദ്രകളേറ്റ ഉദ്യോഗങ്ങളുടെ ചവിട്ടുപടികളും വായിച്ചെടുത്ത് അവസാനം മുന്നിലെ കറങ്ങുന്ന കസേരയിലിരിക്കുന്ന സുഹൃത്തിന്റെ മുഖത്തേക്കു നോക്കുമ്പോള്‍ എസിക്കകത്തിരുന്നും അവന്‍ വിയര്‍ക്കുകയായിരിക്കും. പെട്രോ ഡോളറിന്റെ ഉഷ്ണഭൂമിയിലൂടെ ജീവിതം കൊണ്ടുനടക്കുന്നതിന്റെ വിയര്‍പ്പ് സുഹൃത്തിന്റെ ദേഹത്തും പടര്‍ന്നുകയറും. തിരിച്ചറിവുകളുടേതായ പുതിയ ഉണര്‍വില്‍ ഗതകാലത്തേയും വര്‍ത്തമാനകാലത്തെയും പുനപാരായണം ചെയ്യുകയാവും, സുഹുത്തുക്കളുടെ ശബ്ദായമാനമായ മൗനം. ഭൂതകാലത്തിന്റെ സങ്കീര്‍ണാനുഭവങ്ങളെ വര്‍ത്തമാനകാലങ്ങളിലേക്ക് ആവാഹിക്കുമ്പോള്‍ പ്രകടമാകുന്ന യാഥാര്‍ത്ഥ്യമാണ് ഓരോ ഗള്‍ഫുകാരന്റെയും മൗനം |
0 comments:
Post a Comment