Sunday, September 5, 2010

'ഭാര്യ ഗര്‍ഭിണിയായി' (എന്റെയല്ല)




ചര്‍ച്ച വിഷ്ണുവിനെക്കുറിച്ചാണ്‌. കൃത്യമായി പറഞ്ഞാല്‍ വിഷ്ണുന്റെ ഭാര്യയേക്കുറിച്ച്‌. നാട്ടിലെ പ്രമാണിയുടെ മകള്‍. അവരുടെ വാല്യക്കാരന്റെ മകള്‍ ഫാമിലി വിസയില്‍ ഗള്‍ഫില്‍. സഹിക്കുന്നതിനൊരതിരില്ലേ? നേരം വെളുത്താല്‍ പാതിരയാകും വരെ നാട്ടില്‍ നിന്ന് മിസ്‌ കോള്‍, "എന്നേം കൊണ്ടോ, എന്നേം കൊണ്ടോ".വിഷ്ണുവിന്‌ പൊറുതി മുട്ടി. അവന്റെ അവസ്ഥ അവനുപോലും അറിയില്ല! ടൈയ്യൊക്കെ കെട്ടി കാറിലിരിക്കുന്ന ചെത്ത്‌ ഫോട്ടോ നാട്ടില്‍ കിട്ടുമ്പോള്‍ നല്ല പത്രാസാണ്‌. 1200 റിയാല്‍ മാത്രമാണ്‌ ശമ്പളം. ഫുഡ്ഡടിക്ക്‌ തന്നെ 300 പോകും.


വാല്യക്കാരന്റെ മകള്‍ പലതവണ നാട്ടില്‍ വന്ന് തിരിച്ചുപോയി. ഒന്നുകില്‍ ഗള്‍ഫ്‌ അല്ലെങ്കില്‍ ഡൈവോഴ്സ്‌! 

വിഷ്ണു പ്രതിസന്ധിയില്‍.


ട്രാവല്‍സിലെ വിജിത്താണ്  ഉപദേശകന്‍, "വിസിറ്റിംഗ്‌ വിസയില്‍ ഇങ്ങു കൊണ്ട്‌ പോര്‌, പൂതി തീരുമ്പോള്‍ തനിയേ പൊയ്ക്കോളും"


"പതിനയ്യായിരം കൊടുത്താണ്‌ മോന്‌ എല്‍കേജിയില്‍ സീറ്റ്‌ വാങ്ങിയത്‌. വിസയ്ക്കുള്ള ചെലവ്‌, ടിക്കറ്റ്‌ കാശ്‌, വന്നാല്‍ താമസിക്കാന്‍ വീട്ടുവാടക, വീട്ട്‌ ചെലവ്‌..."


"നീയിതൊന്നും ഭാര്യയെ അറിയിച്ചിട്ടില്ലേ?"


വിഷ്ണു എല്ലാം ഭാര്യയെ അറിയിച്ചു. ഉടനേ മറുപടിയും വന്നു, "കുറച്ച്‌ സ്വര്‍ണ്ണം പണയം വയ്ക്കാം. ടിക്കറ്റ്‌ കാശൊക്കെ ഞാന്‍ എന്റെ വീട്ടീന്ന് സംഘടിപ്പിച്ചോളാം." എന്ത്‌ നല്ല ഭാര്യ! അവളിതൊരു പ്രസ്റ്റീജ്‌ ഇഷ്യൂവായി വീട്ടില്‍ അവതരിപ്പിച്ചു. വാല്യക്കാരന്റെ മോള്‍ക്കാകാമെങ്കില്‍...


"ന്നാലും ബാക്കി പ്രശ്നങ്ങള്‍..." വിഷ്ണു  തല പുകച്ചു.

എന്തിനേറെ പറയുന്നു, ഭാര്യയും കുട്ടിയും ഒരുദിനം ഗള്‍ഫിലെത്തി, ഈ 'മൊഫൈല്‍ മന്ത്രത്തിന്റെ' ഒരു ശക്തിയേ!

ആദ്യ മാസം കടന്നുപോയതറിഞ്ഞില്ല (ആ സ്വകാര്യതയിലേക്ക്‌ ഞാന്‍ കടക്കുന്നില്ല). പിന്നെപ്പിന്നെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അല്‍പം ബ്രൈറ്റ്‌ ലൈറ്റ്‌ കിട്ടിത്തുടങ്ങി.


രണ്ടാം മാസം രണ്ടാം തിയ്യതി, ശമ്പളം കിട്ടുന്ന ദിവസം. '

വിഷ്ണുനെ പേടിച്ചാരും വഴി നടപ്പീല' എന്നായി സ്ഥിതി. അഥവാ കണ്ടുമുട്ടിയാല്‍, "കാശൊക്കെ ഇന്നലെ തന്നെ ഡീഡി അയച്ചു" എന്ന് പറയാനും ചിലര്‍ പഠിച്ചു.


ഷെയറിംഗ്‌ അക്കൊമഡേഷന്‌ സൌകര്യം തന്ന സുഹൃത്തിന്റെ ഭാര്യ ഇത്ര വലിയ ഒരു പാരയാകുമെന്ന് 

വിഷ്ണു സ്വപ്നത്തില്‍ പോലും കരുതിയതല്ല, "മോനെ ഇന്ത്യന്‍ സ്കൂളില്‍ ചേര്‍ത്തരുതോ? തനിക്കൊരു പാര്‍ട്‌ ടൈം ജോലി എന്റെ ഓഫീസില്‍ സംഘടിപ്പിക്കാമെടോ."


പകല്‍ മുഴുവന്‍ വീട്ടിലിരുത്തി ബോറടിപ്പിച്ച്‌ വല്ലവിധേനയും നാട്ടിലേയ്ക്ക്‌ പാഴ്സല്‍ ചെയ്യാന്‍ പ്ലാനിട്ടിരുന്ന 

വിഷ്ണു ഒന്ന് ഞെട്ടി, "വിസ പുതുക്കാമെന്നേ, ട്രാന്‍സിറ്റ്‌ വേണമെങ്കില്‍ മസ്കറ്റിലെ അമ്മാവനെ ഒന്ന് കണ്ടേച്ച്‌ വരാമായിരുന്നു"


വിഷ്ണുന്‌ ഇരിക്കപ്പൊറുതിയില്ലാതായി, നേരെ ചെന്ന് വിജിത്ത്‌നെ കണ്ടു, അവനാണല്ലോ വേലിയില്‍ നിന്ന് ഇതെടുത്ത്‌ തന്നത്‌. കൂട്ടുകാരനെ ചതിക്കാന്‍ ഒരുക്കമല്ലാത്ത വിജിത്ത്‌ പരിഹാരം നിര്‍ദ്ദേശിച്ചു.


മൂന്നാം മാസം മൂന്നാം ദിവസം വിജിത്തിന്റെ മൊബൈല്‍ ചിലച്ചു. 

വിഷ്ണുവണ്‌, "സംഗതി ഏറ്റളിയാ, നാട്ടിലേക്ക്‌ അടുത്ത ഫ്ലൈറ്റിന്‌ രണ്ട്‌ ടിക്കറ്റെടുത്തോ. അവള്‍ ഗര്‍ഭിണിയായി!

1 comments:

Chathiyanmaare....Hahahhaaa...

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More