Saturday, September 25, 2010

തളികുളത്തിന്റെ ചരിത്രതാളിലൂടെ

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കിലാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 10.89 ച.കി.മീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് മണലൂര്‍, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകള്‍, വടക്ക് വാടാനപ്പിള്ളി പഞ്ചായത്ത്, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് നാട്ടിക പഞ്ചായത്ത് എന്നിവയാണ്. തൃശൂര്‍ പട്ടണത്തില്‍ നിന്ന് 15 കി മീ തെക്ക് പടിഞ്ഞാറായി തളിക്കുളം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ ഗുരുവായൂരില്‍ നിന്ന് 20 കി മീ തെക്കുഭാഗത്ത് ഹൈവേ 17-ല്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തീരദേശ പഞ്ചായത്തുകളിലൊന്നാണിത്. കടല്‍തീരത്തിനു സമാന്തരമായി ഇടവിട്ടുകിടക്കുന്ന ഉയര്‍ന്ന മണല്‍പ്പരപ്പുകളാണ് ഈ പ്രദേശത്തെ പ്രത്യേകത. പടിഞ്ഞാറ് അറബിക്കടലും, കണ്ടല്‍ കാടുകള്‍ വളര്‍ന്ന ചതുപ്പും പടിഞ്ഞാറന്‍ ജലാശയവും, വെള്ളം നിറഞ്ഞും, നെല്ലുവളര്‍ന്നു പച്ചപിടിച്ചു കിടന്ന പാടങ്ങളും വിവിധ വിളകളാല്‍ സമൃദ്ധമായ കരസ്ഥലങ്ങളും നാനാവൃക്ഷസമൃദ്ധമായ മേല്‍പറമ്പുകളും ചെറുകുന്നുകളും, കിഴക്ക് കനോലി കനാലും ആയി കിടന്നിരുന്ന ഈ ഗ്രാമത്തിന്റെ സുന്ദരദൃശ്യം പ്രശംസനീയമാണ്. കേരളത്തിലെ വ്യത്യസ്ഥ കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ തീരദേശ മണല്‍മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. മലബാറിലെ ജന്മിമാരുടെ ആര്‍ഭാടകരമായ ജീവിതരീതിയെക്കുറിച്ച് ലോഗന്‍സ് മാന്വലില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ തളിക്കുളത്തെ സംബന്ധിച്ചും പ്രസക്തമായിരുന്നു. ജന്മിതറവാടുകളെ കുറിച്ച് ലോഗന്‍ പറയുന്നത് ഇപ്രകാരമാണ്: “പടി കടന്ന് വീട്ടു മുറ്റത്തേക്ക് നടന്നാല്‍ ആദ്യം ശ്രദ്ധിക്കുക വീടിനെ പുല്‍കി നില്‍ക്കുന്ന ഫലവൃക്ഷങ്ങളും സസ്യലതാദികളും വീട്ടുപറമ്പിനെ മുഴുവന്‍ ആശ്ളേഷിച്ചുകൊണ്ട് വാരിച്ചൊരിയുന്ന സുഖശീതളിമയാണ്. തെങ്ങ്, ഇരുണ്ട് മിനുത്ത ഇലകള്‍ മുറ്റിത്തഴച്ച് നില്‍ക്കുന്ന പിലാവ്, രണ്ടും ചേര്‍ന്ന് വിരിച്ചുതരുന്ന സമൃദ്ധമായ തണല്‍, നീണ്ട് മെലിഞ്ഞ അടക്കാമരങ്ങള്‍, നീണ്ട് വിശാലമായ ഇലകള്‍ പച്ചില പന്തലിടുന്ന വാഴകള്‍ ഇതൊക്കെ ചേര്‍ന്ന് ഗൃഹാന്തരീക്ഷത്തില്‍ ആസ്വാദ്യത പകരുന്നു. കാല്‍ക്കീഴിലുള്ള ഭൂമിക്ക് നിതാന്തമായ ഒരു കുളിര്‍മ്മ. ഏപ്രില്‍, മെയ് മാസങ്ങളിലെ കത്തിക്കാളുന്ന വേനല്‍ച്ചൂടിലും സുഖദായകരമായ ഒരു ഉണര്‍വ്വ്. തളിക്കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് അധിവസിച്ചിരുന്നത്. മത്സ്യബന്ധനത്തിനു പുറമെ ഇവര്‍ കാര്‍ഷിക വൃത്തിയിലും ഏര്‍പ്പെട്ടിരുന്നു. അവരുടെ കൂട്ടത്തില്‍ ധാരാളം ഭൂമി കൈവശമുള്ളവരും ഉണ്ടായിരുന്നു. മാളിക വീടും നെല്ലറകളുമുള്ള കുടുംബക്കാരായിരുന്നു പലരും.നിരന്തരമായുണ്ടായ കടലാക്രമണം മൂലം ഇവരുടെ താമസസ്ഥലം നഷ്ടപ്പെടാനിടയാവുകയും തല്‍ഫലമായി വളരെ പേര്‍ വില്ലേജിന്റെ കിഴക്കു ഭാഗത്ത് കുടിയേറാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

0 comments:

എന്‍റെ പഴയ പോസ്റ്റ്‌കള്‍ കാണുന്നതിനു older post ലിങ്ക് ക്ലിക്ക് ചെയ്യുക ... ഹായ് കൂട്ടുകാരെ ബ്ലോഗില്‍ സന്ദര്‍ശിച്ചതിനു നന്ദി തളിക്കുളത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു ...

Share

Twitter Delicious Facebook Digg Stumbleupon Favorites More